കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ കെ മനോജിനെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി ബിജു പി നായർ, ജെയ്‌സൺ എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പണിമുടക്ക് ദിവസവും ജോലിക്കെത്തിയതിനാണ് മനോജിന് മർദ്ദനമേറ്റതെന്നാണ് വിവരം. മനോജ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ തന്നെ സമരാനുകൂലികൾ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം. പിന്നീട് ഒരു പൊലീസുകാരനെ മനോജിന് കാവലിനായി നിയോഗിച്ചു. ഉച്ചയോടെ സമരക്കാർ വീണ്ടുമെത്തി മനോജിനെ മർദ്ദിക്കുകയായിരുന്നു. കോതമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.