റിയാദ്: ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ 11,067 പലചരക്ക് കടകൾക്ക് ലൈസൻസ് നൽകിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ പലചരക്ക് കടകളുടെ എണ്ണം 38,084 ആയി ഉയർന്നു.
മക്കയിലാണ് ഏറ്റവുമധികം ലൈസൻസ് നൽകിയത്, 416. റിയാദിൽ 8404 ഉം കിഴക്കൻ പ്രവിശ്യയിൽ 4861 ഉം മദീനയിൽ 3253 ഉം അസീറിൽ 2510 ഉം ലൈസൻസുകൾ നൽകി. ഒരു പ്രവിശ്യയിൽ ഒരു രജിസ്ട്രേഷന്റെ കീഴിൽ ഒന്നിലധികം സ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുമതിയുണ്ട്. ബിനാമി ബിസിനസ് പദവി ശരിയാക്കൽ പ്രോഗ്രാം വഴി നിരവധി പലചരക്ക് സ്ഥാപനങ്ങളും സെൻട്രൽ മാർക്കറ്റുകളും പദവി ശരിയാക്കി.
സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താൻ പരിഷ്‌കാരങ്ങളും നടപ്പാക്കി. ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും നിബന്ധനകളേർപ്പെടുത്തി. 2020 മെയ് മുതൽ ഓൺലൈൻ പണമിടപാടിന് പി.ഒ.എസ് മെഷീൻ സൗകര്യം നിർബന്ധമാക്കി. ഇത് സംബന്ധിച്ച് ഫീൽഡ് സ്റ്റാഫ് നിരന്തര പരിശോധന നടത്തിവരികയാണ്. വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി വരുന്നു.