ന്യൂഡല്‍ഹി: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ ഹര്‍ത്താലിന് സമാനം. മറ്റു സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ചെന്നൈയില്‍ ബസ് ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഡല്‍ഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ്, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളില്‍ സമരം ബാധിച്ചെങ്കിലും പൊതുജന ജീവിതം സാധാരണ പോലെ തുടര്‍ന്നു.
അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അതേസമയം ദേശീയ പണിമുടക്കിന്റെ പശ്ചാതലത്തിൽ കേരളത്തിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമ സംഭവങ്ങള്‍ പണിമുടക്കിനോടനുബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്. സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. വാഹനങ്ങൾ നിരത്തിലിറക്കിയതും ജോലിക്കെത്തിയതുമാണ് അക്രമത്തിനു കാരണമായത്.
കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് സമരക്കാർ തകർത്തു. കൊച്ചി അമ്പലമുകൾ റിഫൈനറിയിലും, പാലക്കാട് കഞ്ചിക്കോടും ജോലിക്കെത്തിയവരെ സമരക്കാർ തിരിച്ചയച്ചു. കോഴിക്കോട് ഓട്ടോറിക്ഷകൾ തടഞ്ഞ സമരാനുകൂലികൾ, ടയറിന്റെ കാറ്റഴിച്ചു വിട്ടു. അശോകപുരത്ത് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ അടിച്ചു തകർത്തു. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദിച്ചു.പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെയാണ് മർദിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് സമരാനുകൂലികൾ അടപ്പിച്ച പെട്രോൾ പമ്പ് ഡി വൈ എഫ് ഐ പ്രവർത്തകർ തുറപ്പിച്ചു. പമ്പ് തുറന്നതറിഞ്ഞ് സമരാനുകൂലികൾ വീണ്ടുമെത്തി കല്ലെറിയുകയായിരുന്നു.
മുക്കം നോർത്തിൽ നിർബന്ധിച്ചു പമ്പ് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിയുടെ മുഖത്തു നായ്കുരണ പൊടി വിതറിയതായും പരാതിയുണ്ട്. തിരൂരിൽ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ഓട്ടോ ഡ്രൈവറെ മർദിച്ചു. തിരൂർ സ്വദേശി യാസിറിനാണ് മർദനമേറ്റത് തിരുവനന്തപുരം കാട്ടാക്കടയിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ റോഡിൽ കസേരകൾ നിരത്തി സമരക്കാർ തടഞ്ഞു. പണിമുടക്കിൽ പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂർണ്ണമായും സ്തംഭിച്ചു . കിൻഫ്രയിലേക്ക് ജോലിക്കായി എത്തിയ തൊഴിലാളികളെ സമരക്കാർ തിരിച്ചയച്ചു. ബിപിസിഎല്ലിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും, പൊലീസ് ഇടപെട്ട് ജോലിക്ക് കയറ്റി. എറണാകുളം പള്ളിക്കരയിൽ പോലീസ് സംരക്ഷണത്തിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി.
ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ സമരത്തിൽ പങ്കെടുത്തതും എൽ.ഐ.സി ജീവനക്കാരുടെ പ്രതിഷേധവുമാണ് പണിമുടക്കിനെ രാജ്യതലസ്ഥാനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇന്ധന വിലക്കയറ്റവും ദേശീയ പണിമുടക്കും പാർലമെന്റ് നടപടിക്രമങ്ങൾ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്-ഇടതുപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയമായി വിഷയം ചർച്ച ചെയ്യാതിരുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എംപിമാർ വാക്ക്ഔട്ട് നടത്തി. ഡൽഹി കേരള ഹൗസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.