ന്യൂഡല്‍ഹി: ടേക്ക് ഓഫിന് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തൂണ്‍ പൂര്‍ണമായും തകര്‍ന്നുവീണു. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെയാണ് സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനത്തിന്റെ ഇടതു ചിറകാണ് തൂണില്‍ ഇടിച്ചത്.