തിരുവനന്തപുരം : നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക.
608.48 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 228.18 കോടി രൂപയാണ്. 76.06 കോടി രൂപ സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭാ വിഹിതവുമാണ്. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
പിഎംഎവൈ നഗരം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരങ്ങളില്‍ ഭൂമിയുള്ള 1,23,048 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്ത് 4895.3 കോടി രൂപയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ 70,464 വീടുകള്‍ വാസയോഗ്യമായി. ഭൂരഹിത ഭവനരഹിതര്‍ക്കായി 11 പാര്‍പ്പിട സമുച്ചയങ്ങളിലായി 970 ഗുണഭോക്താക്കള്‍ക്ക് ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിരുന്നു. ഇതില്‍ 280 യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
കുറഞ്ഞ പലിശ നിരക്കില്‍ ഭവന നിര്‍മാണത്തിന് വായ്പ അനുവദിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ഘടകത്തില്‍ ഉള്‍പ്പെടുത്തി, 25832 ഗുണഭോക്താക്കള്‍ക്കാണ് ഇതുവരെ വായ്പ അനുവദിച്ചിട്ടുള്ളത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജനത്തിലൂടെ ഓരോ പിഎംഎവൈ നഗരം ലൈഫ് ഗുണഭോക്താവിനും വീട് നിര്‍മാണത്തിന്റെ ഭാഗമായി 90 തൊഴില്‍ ദിനങ്ങളും 26,190 രൂപയുടെ അധികസഹായം നല്‍കാനും സാധിച്ചു. 70 കോടി രൂപയുടെ അധികസഹായം ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന വിഹിതമായി ലഭിച്ച 1567 കോടി രൂപയില്‍ 1434.55 കോടി രൂപയും ചെലവഴിക്കാനായെന്നും നഗരസഭകള്‍ക്ക് വിഹിതം കണ്ടെത്തുന്നതിനായി ഹഡ്‌കോ മുഖേന 1051.56 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.