തിരുവനന്തപുരം: ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പൊതു പണിമുടക്കില്‍ സംസ്ഥാനത്തെ ജനജീവിതം പൂർണമായും സ്തംഭിച്ചു. തിരുവനന്തപുരം പ്രാവച്ചമ്പലത്തും മലപ്പുറം മഞ്ചേരിയിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞു. എടവണ്ണപ്പാറയിൽ കടകൾ ബലമായി അടപ്പിച്ചു. ഇവിടെ പോലീസ് എത്തി.
കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്രധാനറോഡിന് നടുവിൽ സമരാനുകൂലികൾ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് ഇതുവഴിയെത്തിയ വാഹനങ്ങളും സമരക്കാർ തടഞ്ഞു.
പാല്, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്രയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്.
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബിഎംഎസ് ഒഴികെ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.