തിരുവനന്തപുരം: കെ.റെയിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂടുതൽ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് ആരംഭിച്ചു. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ച പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
പൊലീസിൻറെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വലിയ വീഴ്ചയായിരുന്നു. ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്. പക്ഷെ ക്ലിഫ് കോമ്പൗണ്ടിൻെറ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരിയിത്തിലൂടെയാണ് സമരക്കാർ പ്രവേശിച്ചത്. ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി. ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങിയിട്ടുണ്ട്. ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.