ഇസ്ലാമാബാദ് : അവിശ്വാസപ്രമേയത്തിന് തലേദിവസം ശക്തിപ്രകടനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തലസ്ഥാനമായ ഇസ്ലാമാബാദില്‍ പാകിസ്ഥാന്‍ തെഹ്‌രീക്-എ-ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ റാലി സംഘടിപ്പിച്ചായിരുന്നു ഇമ്രാന്‍ഖാന്റെ ശക്തിപ്രകടനം.
വിദേശപണം ഉപയോഗിച്ച് തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇമ്രാൻ ആരോപിച്ചു. അതിന് തന്‍റെ പക്കൽ തെളിവായി ഒരു രേഖയുമുണ്ടെന്നാണ് ഇമ്രാൻ വെളിപ്പെടുത്തുന്നത്. ഒരു കടലാസ് യോഗത്തിൽ ഉയർത്തിക്കാണിച്ചായിരുന്നു ഇമ്രാന്‍റെ ആരോപണം.
എല്ലാ തരത്തിലും പാകിസ്ഥാനേക്കാൾ മുന്നിൽ ഇന്ത്യയെത്താൻ കാരണം മുപ്പത് വർഷം പാകിസ്ഥാനെ ഭരിച്ചുമുടിച്ച മുന്നണികളാണെന്നും ഇമ്രാൻ ആഞ്ഞടിച്ചു.
‘അമ്ർ ബിൽ മറൂഫ്’ അഥവാ ‘നന്മയ്ക്കൊപ്പം ചേരൂ’ എന്ന പേരിലാണ് ഇമ്രാൻ ഖാൻ പരേഡ് ഗ്രൗണ്ടിൽ വൻ ശക്തിപ്രകടനം നടത്തുന്നത്. പതിനായിരക്കണക്കിന് പേരാണ് റാലിയിലേക്ക് ഒഴുകിയെത്തിയത്. ഹെലികോപ്റ്ററിലാണ് ഇമ്രാൻ ഖാൻ വേദിക്ക് അരികിലേക്ക് എത്തിയത്. ഇത് ചരിത്രദിനമാണെന്നും, തെഹ്‍രീക് ഇ ഇൻസാഫ് പാർട്ടിയുടെ ഭാവിക്ക് വേണ്ടിയല്ല, ഇത് രാജ്യത്തിന്‍റെ ഭാവിയിൽത്തന്നെ നിർണായകമാകുന്ന ദിനമാകുമെന്നും ഇമ്രാൻ ഖാൻ പ്രഖ്യാപിക്കുന്നു.
പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയില്‍ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 20 ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് തെഹ്‍രീക്-ഇ-ഇന്‍സാഫ് അവകാശപ്പെട്ടത്. തന്‍റെ ജീവന്‍ പോയാലും പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായാലും അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയോ അവര്‍ക്ക് മാപ്പുനല്‍കുന്ന എന്‍.ആര്‍.ഒ ഓര്‍ഡിനന്‍സ് നടപ്പാക്കുകയോ ചെയ്യില്ലെന്നും ഇമ്രാന്‍ പ്രഖ്യാപിച്ചു.
നാളെയാണ് ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാകിസ്ഥാന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത്. ഇതിന് മുന്നോടിയായാണ് ഇമ്രാന്‍റെ ശക്തിപ്രകടനം. സൈന്യത്തിന്‍റെ പിന്തുണ നഷ്ടമായ ഇമ്രാന്‍ റാലിയില്‍ രാജി പ്രഖ്യാപനം നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയോ നേതൃത്വമോ സ്ഥിരീകരിച്ചിരുന്നില്ല.