ചെന്നൈ: രാമനാഥപുരത്ത് കടല്ക്കരയില് കാമുകനെ കെട്ടിയിട്ട് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത മൂന്നുപേരെ പോലീസ് പിടികൂടി. രാമനാഥപുരം ജില്ലയിലെ കമുതി സ്വദേശികളായ പത്മേശ്വരന്‍ (24), സുഹൃത്തുക്കളായ ദിനേശ്കുമാര്‍ (24), അജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.
സായല്‍കുടിക്ക് സമീപം മുക്കൈയൂര്‍ ബീച്ചില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. വിരുദുനഗര്‍ സ്വദേശിനി (21) പീഡനത്തിനിരയായത്. കോളേജ് വിദ്യാര്‍ഥിനിയായ യുവതി കാമുകനൊപ്പം ബീച്ചിലെത്തിയതായിരുന്നു. ഒട്ടും ആള്‍ത്തിരക്കില്ലാത്ത ബീച്ചില്‍വെച്ച് പ്രതികള്‍ കാമുകനെ മര്‍ദിച്ച് കെട്ടിയിട്ട ശേഷം പണവും യുവതിയുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. പിന്നീടാണ് മൂവരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
അവിടെനിന്ന് രക്ഷപ്പെട്ട യുവതിയും കാമുകനും വിരുദുനഗറില്‍ തിരിച്ചെത്തിയെങ്കിലും ആദ്യം പോലീസില്‍ വിവരമറിയിച്ചിരുന്നില്ല. ഇതിനിടെ മനോവിഷമത്താല്‍ കാമുകന് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഈ സംഭവമന്വേഷിക്കാനെത്തിയ പോലീസിനോട് നടന്നതെല്ലാം കാമുകന് തുറന്നുപറഞ്ഞു. യുവതി വിരുദുനഗര്‍ പോലീസ് മേധാവിക്ക് രേഖാമൂലവും പരാതി നൽകുകയായിരുന്നു.