കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ഗ്രാമത്തിൽ എട്ടു പേരെ ചുട്ടുകൊന്ന സംഭവത്തിൽ 21 പേർ കുറ്റക്കാരെന്നു സിബിഐ. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രതികളെന്നു കണ്ടെത്തിയവർ തന്നെയാണ് സിബിഐയുടെ പട്ടികയിലുമുള്ളതെന്നാണ് റിപ്പോർട്ട്.
തൃണമൂൽ കോൺഗ്രസ് രാംപുർഹത് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ശൈഖ് ഉൾപ്പെടെ 23 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അനാറുലിനെ സിബിഐ ചോദ്യം ചെയ്തു. ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
കേസിന്റെ അന്വേഷണം കൽക്കട്ട ഹൈക്കോടതി സിബിഐക്കു വിട്ടതിനു പിന്നാലെ ശനിയാഴ്ചയാണു പ്രത്യേക അന്വേഷണ സംഘത്തിൽനിന്നു സിബിഐ ചുമതല ഏറ്റെടുത്തത്. ഡിഐജി അഖിലേഷ് സിങ് നേതൃത്വം നൽകുന്ന 30 പേരുടെ സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാംപുർഹത്തിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ സിബിഐ സംഘം താൽക്കാലികമായി ക്യാംപ് ചെയ്തിട്ടുണ്ട്. ഏപ്രിൽ ഏഴിനു കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു നിർദേശം.
രാംപൂര്‍ഹാട്ടിലെ സംഘർഷ സ്ഥലത്ത് ഇന്ന് പരിശോധന നടത്തിയ സിബിഐ സംഘം തീവെക്കപ്പെട്ട വീടുകളില്‍ നിന്ന് സാന്പിളുകള്‍ ശേഖരിച്ചു. അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളുടെ ചില ഭാഗങ്ങളും സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. സംഘർഷത്തില്‍ പരിക്കേറ്റവരുടെ മൊഴിയെടുക്കുന്നതിനൊപ്പം രാംപൂര്‍ഹാട്ടിലെ അഗ്നിശമനസേന, പൊലീസ് ഉദ്യോസ്ഥരെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി.
വീടുകള്‍ തീവെക്കപ്പെട്ട രാത്രിയില്‍ രക്ഷാപ്രവര്‍ത്തിനെത്തിയ അഗ്നിശമനസേനക്ക് തീ അണക്കാനായെങ്കിനും ചൂട് കാരണം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിരുന്നിരുന്നില്ല. പിന്നീട് പുലർച്ചെ വീണ്ടും എത്തിയാണ് രക്ഷാപ്രവർത്തനം പൂര്‍ത്തിയാക്കിയത്. രാത്രിയില്‍ മൂന്ന് മൃതദേഹങ്ങളും രാവിലെ എട്ട് മൃതദേഹങ്ങളം കിട്ടിയെന്ന ഉദ്യോഗസ്ഥരിലൊരാള്‍ സംഭവദിവസം മൊഴി നല്‍കിയിരുന്നു. ഇത് പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടുവെന്ന പ്രചരണത്തിന് കാരണമായി. ഇതിലടക്കം വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
ബിർഭൂമിലെ ബർഷാൽ ഗ്രാമത്തിലെ തൃണമൂൽ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദു ഷെയ്ഖിനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയതിനെത്തുടർന്നാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു തിരിച്ചടിയായി ബാദു ഷെയ്ഖിന്റെ അനുയായികൾ എതിരാളികളുടെ വീടുകൾ അഗ്നിക്കിരയാക്കി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ട് ബോംബ് എറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു വീട്ടിൽ മാത്രം ഏഴു പേർ ഉൾപ്പെടെ എട്ടു പേരാണ് വെന്തുമരിച്ചത്.