ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. തിരുപ്പതിയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഭകരാപേട്ടിൽ ശനിയാഴ്ച രാത്രി 11.30നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനന്തപുർ ജില്ലയിലെ ധർമവരമത്തുനിന്ന് ചിറ്റൂരിലെ നാഗരിയിലേക്ക് പോകുന്ന വിവാഹ പാർട്ടി സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലെ സുരക്ഷഭിത്തിയിൽ ഇടിച്ച് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.