റഷ്യൻ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുക്രൈനിൽ നിന്ന് 5,208 പേരെ മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികളും, ന്യുമോണിയ ബാധിച്ച ഒരു ശിശുവും ഉൾപ്പെടെയാണ് ഈ കണക്ക്. മരിയുപോളിലെ 4,331 നിവാസികൾ തെക്കുകിഴക്കൻ നഗരമായ സപോരിജിയയിൽ എത്തിയതായി പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് അറിയിച്ചു.
രണ്ട് കുട്ടികളെയും കുഞ്ഞിനെയും സപ്പോരിജിയ ആശുപത്രിയിലേക്ക് മാറ്റി. ഒഴിപ്പിച്ചവരിൽ കീവ് മേഖലയിൽ നിന്ന് 351 പേരും ലുഹാൻസ്ക് നിന്ന് 256 പേരും ഉൾപ്പെടുന്നു. അതേസമയം പടിഞ്ഞാറൻ യുക്രൈൻ നഗരമായ ലിവിവിൽ റോക്കറ്റാക്രമണം. ലിവിവിനടുത്ത് വെലികി ക്രിവ്ചിറ്റ്സി ഭാഗത്ത് മൂന്ന് അതിശക്ത സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ വ്യോമാക്രമണം യുക്രൈൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.