ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ മൊത്തവിലയില്‍ വന്‍ വര്‍ധനവ്. അവശ്യ മരുന്നകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലയില്‍ 10.7 % വര്‍ധനവാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട 800 മരുന്നുകളുടെ വില ഇതോടെ വര്‍ധിക്കും. മരുന്നുകളുടെ ഉയര്‍ന്ന വില ഏപ്രില്‍ ഒന്നു മുതല്‍ നിലിവില്‍ വരും.
പനി, ഇന്‍ഫക്ഷനുകള്‍, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ഇതോടെ വര്‍ധിക്കുന്നത്. പാരസെറ്റാമോളിന് പുറമേ, ഫിനോര്‍ബാര്‍ബിറ്റോണ്‍, ഫിനൈറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന് ഹൈഡ്രോക്ലോറൈഡ്, മെട്രോനൈഡസോള്‍, ഫോളിക് ആസിഡ്, മിനറല്‍സ് എന്നിവയും വില കൂടുന്ന മരുന്നുകളില്‍ ഉള്‍പ്പെടുന്നു.
കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രിഡ്നിസോളോണ്‍ സ്റ്റിറോയിഡുകളുടെയും വില കൂടും. മരുന്നുകള്‍ക്കു പുറമേ കൊറോണറി സ്റ്റെന്റ്, നീ ഇംപ്ലാന്റസ് എന്നിവയുടെയും വില ഇതോടൊപ്പം വര്‍ധിക്കും.