തിരുവനന്തപുരം: സ്വകാര്യ ബസുടമകളെ ഇനി ചർച്ചയ്ക്ക് വിളിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സംഘടനയിലെ ചില നേതാക്കള്‍ക്ക് സമരം തുടരണമെന്ന പിടിവാശിയാണെന്നും മന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് നേരത്തെ പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് സമരമെന്നും മന്ത്രി ചോദിച്ചു. നേതാക്കള്‍ പിടിവാശി ഉപേക്ഷിച്ച് സമരം പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വർധനയിലടക്കം 30 ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും ബസ് ഉടമകൾ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്. ബസുടമകളുടെ സമരം സമരം പൊതുജനങ്ങൾക്കെതിരെയാണ്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.
സമരത്തിന് പിന്നിലെ ലക്ഷ്യം വേറെയാണെന്നും തങ്ങൾ സമരം ചെയ്തിട്ടാണ് നിരക്ക് കൂട്ടിയത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആരോപിച്ചു. സമരം സർക്കാരിനെതിരെയല്ല, ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമെതിരെയാണ്. ബസുടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പുതിയതായി ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് അങ്ങോട്ട് വിളിക്കാത്തത്. നിലവില്‍ ബസുടമകൾക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
7000 ബസുകളുടെ കുറവ് നികത്താൻ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. ആകെ 6000ത്തിൽ താഴെ ബസുകളാണുള്ളത്. എന്നാല്‍, കഴിവിന്‍റെ പരമാവധി സർവീസുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. ഡിപ്പോകളിൽ യാത്രക്കാർ എത്തുകയാണെങ്കിൽ യാത്രാ സൗകര്യം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിത്. ഇത് സമരമല്ല, അതിജീവന പോരാട്ടമാണ്. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും മന്ത്രി തയ്യാറാകുന്നില്ലെന്നും ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു.
ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്നും യാത്രക്കാര്‍ ദുരിതത്തിലായി. വടക്കന്‍ ജില്ലകളെയാണ് സമരം സാരമായി ബാധിച്ചത്. സമരത്തോട് ഇന്നും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എല്‍ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. നിലവില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളെ കൂടുതലായി ആയ്രിക്കുന്ന മലബാര്‍ മേഖലയില്‍ വലിയ ദുരിതമാണ് ജനങ്ങള്‍ നേരിടുന്നത്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്.