കണ്ണൂരിനെ ഉറക്കം കെടുത്തിയ ഉരുളിക്കള്ളന്‍ ഒടുവിൽ പോലീസ് വലയിൽ കുടുങ്ങി. മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്നതാണ് പ്രതിയുടെ പ്രധാന വിനോദം. ഇരിക്കൂറിനടുത്തെ കോളോട്ടെ വരത്തന്‍കണ്ടി വീട്ടില്‍ വി കെ രോഹിത് എന്ന ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഇയാളുടെ സഹായിയെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തളാപ്പ്, കണ്ണൂര്‍, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് ഇയാള്‍ ഉരുളികള്‍ അടിച്ച് മാറ്റിയത്. വാടകയ്ക്ക് എന്ന പേരില്‍ വാങ്ങിച്ച ശേഷം മറിച്ചുവില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. ശ്രീകണ്ഠാപുരം, കാട്ടമ്പള്ളി, ചക്കരക്കല്ല് മേഖലകളിലാണ് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുരുളികള്‍ ഇയാള്‍ വിറ്റത്. ഇയാള്‍ വില്പന നടത്തിയ എട്ട് ഓട്ടുരുളിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.