യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യൻ സൈന്യം. ആദ്യ ഘട്ടത്തിലെ ലക്ഷ്യങ്ങൾ പൂർത്തിയായതായും ഡോൺബസ് പിടിച്ചടിക്കുന്നതിലാണ് ഇനി ശ്രദ്ധയെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ്യ വളഞ്ഞ മരിയുപോളിൽ ഉൾപെടെ യുക്രൈന്റെ പ്രത്യാക്രമണം നടക്കുന്നുണ്ട്. മരിയുപോളിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനായി ഫ്രാൻസും ഗ്രീസും തുർക്കിയും ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞയാഴ്ച മരിയുപോളിലെ തിയറ്ററിലുണ്ടായ ബോംബാക്രമണത്തിൽ 300 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 1351 സൈനികർ കൊല്ലപ്പെട്ടതായാണ് റഷ്യയുടെ സ്ഥരീകരണം.
അതേസമയം യുക്രൈനിലെ റഷ്യന്‍ ആക്രമണം തുടരുമ്പോള്‍, മെയ് 9നകം യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. മെയ് 9നകം യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടതായി യുക്രൈനിലെ സായുധ സേനയുടെ ജനറല്‍ സ്റ്റാഫില്‍ നിന്നുള്ള രഹസ്യാന്വേഷണ സ്രോതസുകളെ ഉദ്ധരിച്ച് കിയവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാസി ജര്‍മനിക്കെതിരായ വിജയദിനമാണ് മേയ് 9. അതുകൊണ്ടാണ് ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മോസ്‌കോ തങ്ങളുടെ ലക്ഷക്കണക്കിന് പൗരന്‍മാരെ റഷ്യയിലേക്ക് ബലമായി കൊണ്ടുപോയെന്ന് യുക്രൈന്‍ ആരോപിച്ചു. അവരില്‍ ചിലരെ ബന്ദികളാക്കി കിയവിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉദ്ദേശ്യമെന്നും യുക്രൈന്‍ ചൂണ്ടിക്കാട്ടി. 84,000 കുട്ടികള്‍ ഉള്‍പ്പെടെ 402,000 പേരെ നിര്‍ബന്ധമായി റഷ്യ പിടിച്ചുകൊണ്ടുപോയെന്ന് യുക്രൈന്‍ ഓംബുഡ്സ്പേഴ്സണ്‍ ല്യൂഡ്മൈല ഡെനിസോവ പറഞ്ഞു. എന്നാല്‍ റഷ്യയും സമാനമായ കണക്കുകള്‍ നിരത്തിയെങ്കിലും ഇവരെല്ലാം തങ്ങളുടെ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.