തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. ഹേമ കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ ജനം സർക്കാരിനോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. ഇല്ലെങ്കിൽ ഭാവി കേരളം സർക്കാരിന് മാപ്പ് നൽകില്ല. ഇത്തവണത്തെ ഐഎഫ്എഫ്കെ സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന മേളയാണ്. നടിയെ ആക്രമിച്ച കേസിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ടി. പത്മനാഭൻ പറഞ്ഞു. തെറ്റ് ചെയ്തവൻ ഏതുവലിയവൻ ആയാലും ശിക്ഷിക്കപ്പെടണം. ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സിനിമാ മേഖലയിൽ നിന്നടക്കം ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഫ് എഫ് കെ വേദിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ടി പത്മനാഭന്റെ പ്രതികരണം. ചർച്ചയായതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നിയമം കൊണ്ട് വരുമെന്ന് സജി ചെറിയാനും മറുപടി നൽകി.