ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാകിസ്താന്‍ പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലി പിരിഞ്ഞു. അന്തരിച്ച അസംബ്ലി അംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അസംബ്ലി പിരിയുകയാണെന്ന് സ്പീക്കര്‍ ആസാദ് ഖൈസര്‍ അറിയിച്ചു. മാര്‍ച്ച് 28-ന് അസംബ്ലി വീണ്ടും ചേരും.
അതേസമയം അവിശ്വാസ പ്രമേയം പരിഗണിക്കാത്തതില്‍ സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. ഇമ്രാന്‍ ഖാനെ സംരക്ഷിക്കാനാണ് സ്പീക്കറുടെ ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു.
അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 24 വിമതര്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. പ്രതിപക്ഷ കക്ഷിയായ പിഎംഎല്‍-നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്.