ന്യൂഡല്‍ഹി: ഫാക്ടറി തൊഴിലാളി ജോലിക്കിടെ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എം.ഡിയുമായ സാബു എം.ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് പെടാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2014 മെയ് 24ന് കിഴക്കമ്പലം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് തൊഴിലാളിയായ പി.ടി. അജീഷ് മരിച്ചത്. സംഭവത്തില്‍ സാബു എം.ജേക്കബ് വിചാരണ നേരിടണമെന്നും, ഫാക്ടറി നടത്തിപ്പിന്റെ ചുമതല അടക്കം കാര്യങ്ങള്‍ വിചാരണ വേളയിലാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയിലാണ് സാബു എം.ജേക്കബിനെതിരെയുള്ള കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെ കേസ്.
മാനേജിങ് ഡയറക്‌റുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാല്‍ സാബുവിന് എതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. ഫാക്ടറിയുടെ നടത്തിപ്പിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ആ ഉദ്യോഗസ്ഥന് എതിരേയായിരുന്നു കേസ് എടുക്കേണ്ടത് എന്നും ഹാരിസ് ആവശ്യപ്പെട്ടു.
കേസിന്റെ മെറിറ്റ് വിചാരണ കോടതിയാണ് പരിശോധിക്കേണ്ടത് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഫാക്ടറി നടത്തിപ്പിനുള്ള ഉദ്യോഗസ്ഥര്‍ ആരായിരുന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി തീരുമാനം എടുക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.