ന്യൂഡൽഹി: സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ സംഘടനാതലത്തില്‍ നേരിടാന്‍ സിപിഎം. പദ്ധതിക്കായി ദേശീയതലത്തില്‍ സിപിഎം പ്രചാരണം നടത്തും. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം വിപുലമായ ബോധവല്‍കരണ പരിപാടികളും നടത്തും. ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.
‘കേരള മോഡല്‍’ ദേശീയ തലത്തിൽ ഉയർത്തിക്കാട്ടി സിപിഎമ്മിന്റേതായ ഇടമുണ്ടാക്കിയെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതിനിടെയാണു സിൽവർലൈൻ സമരം ഉയർന്നുവരുന്നത്. കോൺഗ്രസ്, ബിജെപി അംഗങ്ങൾ പാർലമെന്റിലടക്കം വിഷയം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് സിപിഎം ദേശീയ തലത്തിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ എല്ലാ ബഹുജന സംഘടനകളേയും ഒത്തിണക്കിക്കൊണ്ട് വലിയൊരു പ്രചാരണ പരിപാടികളിലേക്ക് പാർട്ടി പോകുമെന്നാണ് വിവരം. പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പാർട്ടി ലക്ഷ്യം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണങ്ങൾക്കായിരിക്കും ഊന്നൽ നൽകുക. സംഘടനാ തലത്തിൽ ശക്തമായ പ്രചാരണ പരിപാടികൾ നടത്താനും ധാരണയായിട്ടുണ്ട്.