തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്‍റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യമുണ്ടാകൂ. ആ സ്ഥിതിക്ക് ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്.
ബാബുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് സാബു മൊഴിനല്‍കിയിരുന്നത്. കേസിൽ അമ്മയും പ്രതിയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമിക്കയിരുന്നു . അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെ ജെ സാബു പൊലീസിന് മൊഴി നൽകിയിരുന്നു. ആശുപത്രിയിലുള്ള അമ്മ പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാർജ് ആയ ശേഷം രേഖപ്പെടുത്തും.
മാര്‍ച്ച് 15-ന് രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വീട്ടിലെത്തിയ ബാബുവിനെ സാബു മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. 300 മീറ്റര്‍ അകലെയാണ് ബാബുവിനെ കുഴിച്ചിട്ടത്. 15 മുതല്‍ ചേട്ടനെ കാണാനില്ലെന്നുകാണിച്ച് 19-ന് സാബു ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
22-ന് പശുവിനെ തീറ്റാന്‍പോയ നാട്ടുകാരനായ സുധാകരന്‍ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടിരുന്നു. വ്യാഴാഴ്ച രാവിലെ അതേസ്ഥലത്ത് സുധാകരന്‍ എത്തിയപ്പോള്‍ മണ്ണ് പൂര്‍വസ്ഥിതിയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചു.
കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തിവെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടെ ചേര്‍പ്പ് പോലീസില്‍ വിവരം അറിയിച്ചു. ചേര്‍പ്പ് എസ്.ഐ. ജെ. ജെയ്‌സന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ മൃതദേഹത്തിന്റെ കൈയുടെ ഭാഗം കണ്ടു. ബാബുവിന്റെ കൈയില്‍ പച്ചകുത്തിയിരുന്നു.