ലക്നൗ: യു പി യുടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്നൗ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പിന്നാലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിനേശ് ശർമ്മയ്ക്ക് പകരം ബ്രാഹ്മണ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രജേഷ് പഥക് ആണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയേയും രണ്ട് ഉപമുഖ്യമന്ത്രിമാരേയും കൂടാതെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.