ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഡൽഹിയിലെത്തി. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഇന്ത്യ-ചൈന ഉന്നതതല യോഗമാണ് നാളെ ഡല്‍ഹിയില്‍ നടക്കുന്നത്.
വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്ന ഉണ്ടായിട്ടില്ല. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവലുമായും അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും.
കാശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം വാങ് ചീ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) യോഗത്തിലാണ് അദ്ദേഹം കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചത്.
പാകിസ്ഥാന്‍ കശ്മീര്‍ വിഷയം യോഗത്തില്‍ ഉന്നയിച്ചപ്പോള്‍, ‘കാശ്മീരിനെക്കുറിച്ച് നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ വാക്കുകള്‍ തങ്ങള്‍ ഇന്ന് വീണ്ടും കേട്ടുവെന്നും ഈ വിഷയത്തില്‍ ചൈനയ്ക്കും ഇതേ പ്രതീക്ഷയാണുള്ളതെ’ന്നുമായിരുന്നു വാങ് ചീയുടെ പരാമര്‍ശം.
ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒഐസിയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശം അനാവശ്യമാണെന്നും ഞങ്ങള്‍ അത് തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു.
വളരെ ഊഷ്മളമായിരുന്ന ഇന്ത്യ – ചൈന ബന്ധം അതിർത്തി തർക്കത്തെ തുടർന്ന് പിന്നീട് വഷളായിരുന്നു. ഗൽവാനിലെ ഏറ്റുമുട്ടലിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തിൽ ആവർത്തിച്ചുള്ള ചർച്ചകൾ സംഘർഷത്തിൻ്റെ തീവ്രത കുറച്ചെങ്കിലും 2020-ന് മുൻപുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല.