തിരുവനന്തപുരം: മാസ്ക് പൂർണമായും ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിർദേശം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാർത്ത പ്രചരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
മാസ്ക് എപ്പോൾ മാറ്റണം എന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. കോവിഡിന്റെ പിടിയിൽ നിന്നും സംസ്ഥാനം പൂർണമായി മുക്തമായിട്ടില്ല. മാസ്കും സാനിറ്റെസറും ഇനിയും ഉപയോഗിക്കണം. സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നത് ഒഴിവാക്കാമെങ്കിലും മാസ്ക് പൂർണമായും മാറ്റാൻ നിര്‍ദേശമില്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മാസ്കും സാമൂഹ്യ അകലവും തുടരണമെന്നു തന്നെയാണ് നിര്‍ദേശം. ഏതായാലും ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നതോടെ കടുത്ത നടപടികൾ ഒഴിവാകും.
ദുരന്ത നിവാരണ നിയമത്തിന് പുറമെ പകർച്ചവ്യാധി പ്രതിരോധ നിയമം, പൊലീസ് ആക്റ്റ് എന്നിവ കൂടി ചേർത്താണ് സംസ്ഥാനത്തെ നിയന്ത്രണങ്ങൾ. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പ്രാദേശിക സ്ഥിതി അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാനാവും.