ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് വികസന വിരുദ്ധ ‘വിദ്രോഹസഖ്യം’ വ്യാജപ്രചരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവികസനവും നാട്ടിൽ നടക്കാൻ പാടില്ലെന്ന ചിന്തയാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ട്. വികസനവിരുദ്ധ വിദ്രോഹസഖ്യത്തെ തുറന്നുകാട്ടും. തുടര്‍ഭരണം ലഭിക്കാനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിപക്ഷശ്രമം.
മനപ്പൂർവം വിവാദം ഉണ്ടാക്കുന്നവർക്ക് അറിയാത്ത കാര്യങ്ങൾ ജനങ്ങൾക്ക് അറിയാം. ആസൂത്രിതമായ വ്യാജപ്രചരണത്തിന് ഏതാനും മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. വികസന പദ്ധതികൾക്കെതിരെ കഴിഞ്ഞകാലത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങൾ നാടിന് വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. ഇത് കേരളത്തിന്റെ ദുരനുഭവം ആണെന്നും ഇപ്പോൾ ഉയർന്നുവരുന്ന പ്രതിഷേധം നാടിന്റെ പ്രതിഷേധമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ അല്ലെന്നും കല്ലു പിഴുതാല്‍ പദ്ധതി അവസാനിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ സര്‍വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കില്ല. ആരുടെയെല്ലാം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് കണ്ടെത്താനാണ് കല്ലിടുന്നത്. സര്‍വേ പൂര്‍ത്തിയായ ശേഷം ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുമായി ചര്‍ച്ചനടത്തും. കല്ലിടല്‍ പൂര്‍ത്തിയായ ശേഷമാണ് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നടക്കുക. ഭൂമിക്കും സ്വത്തിനും അധികവില നല്‍കിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാതപഠനം പൂര്‍ത്തിയായ ശേഷമേ ഏറ്റെടുക്കല്‍ പദ്ധതികളിലേക്ക് കടക്കൂ.
ദേശീയ റെയില്‍ പദ്ധതിയായ പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി സില്‍വര്‍ ലൈനിനെ കാണണം. ഇക്കാര്യത്തില്‍ ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. റെയില്‍വേ പദ്ധതി ആയതിനാല്‍ സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി ആവശ്യമില്ല. എങ്കിലും വിശദമായ പഠനം നടത്തും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം ഡിപിആറിലെ അവ്യക്തത നീക്കി വിശദീകരണം നല്‍കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
നാടിന് ഏറ്റവും ആവശ്യമായ വികസന പ്രവർത്തനം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനായി വിചിത്ര സഖ്യം കേരളത്തിൽ രൂപം കൊണ്ടു. ആസൂത്രിതമായ വ്യാജപ്രചാരണം നടക്കുന്നു.
അതിന് ഏതാനും മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സമരത്തിന് അതിവൈകാരികതയും അസാധാരണമായ പ്രാധാന്യവും നൽകി ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. വികസനത്തിന് തുരങ്കം വയ്ക്കുന്നവർക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സില്‍വർ ലൈന്‍ 2026-ഓടെ ഒരു ലക്ഷത്തിലധികം യാത്രക്കാരുണ്ടാകും. വരുമാനം ടിക്കറ്റിലൂടെ ലഭിക്കും. പദ്ധതിയുടെ ഭാഗമായി 9394 കെട്ടിടങ്ങള്‍ ഏറ്റെടുക്കും. റെയില്‍വേ ഭൂമി വേണ്ടിവരുമോ എന്നതും പരിശോധിക്കും. വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.