ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസസിയെ (Srilanka Financial Crisis) തുടർന്ന് ഇന്ത്യയിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്നാട് തീരത്ത് ജാഗ്രത തുടരുന്നു. തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ മാത്രം കടൽദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പാക് കടലിടുക്കിലെ യാനങ്ങളേയും കോസ്റ്റ്ഗാർഡ് നിരീക്ഷിക്കുന്നുണ്ട്. രാമേശ്വരത്തിന് സമീപമുള്ള ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിൽ ആരെങ്കിലും നിലവിൽ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.
നിലവിൽ കടൽ കടന്നെത്തിയ 16 ശ്രീലങ്കൻ അഭയാർത്ഥികളേയും ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. നുഴഞ്ഞുകയറ്റക്കാരേയേ ഇവരെ ഇപ്പോൾ കണക്കാക്കാനാകൂ എന്ന് കോടതി പറഞ്ഞു. അഭയാർത്ഥികളെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കിയാൽ ക്യാമ്പിലേക്ക് മാറ്റും. ഇവരുടെ കേസ് ഏപ്രിൽ നാലിന് രാമേശ്വരം മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.