ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയിൽ (Supreme court) ഇന്നും വാദം തുടരും. ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂർത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്നത് അടക്കമുള്ള വാദങ്ങളാണ് കേരളം ഉയർത്തുന്നത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനസംഘടിപ്പിക്കണമെന്നും കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര വിദ്ഗധർ ഉൾപ്പെടുന്ന സംഘത്തെ സുരക്ഷ പരിശോധനക്കായി നിയോഗിക്കേണ്ടതില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്. കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്നാടിന് വെള്ളം നൽകുന്നതിൽ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തർക്കമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യർത്ഥിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. മേൽനോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.