ന്യൂഡൽഹി: ഡൽഹി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവച്ച സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് നടത്തി ബിജെപിക്ക് വിജയിക്കാനായാൽ എഎപി രാഷ്ട്രീയം വിടുമെന്ന് കേജരിവാൾ പറഞ്ഞു.
ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളെ ഒരുമിപ്പിക്കാനുള്ള ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനു പിന്നാലെയാണ് കേജരിവാളിന്റെ പ്രതികരണം. വടക്ക്, കിഴക്ക്, തെക്ക് കോർപ്പറേഷനുകളാണ് ഒരുമിപ്പിക്കുന്നത്.
“ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് തങ്ങളെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ചെറിയ പാർട്ടിയേയും ചെറിയ തിരഞ്ഞെടുപ്പിനെയും കണ്ട് അവർ ഭയപ്പെടുകയാണ്. സമയബന്ധിതമായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിക്കുന്നു.”- ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
“ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിലൂടെ ബിജെപി രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന രക്തസാക്ഷികളെ അവഹേളിക്കുകയാണ്. ഇന്ന് അവർ തോൽവി ഭയന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു, നാളെ അവർ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കും.”- കേജരിവാൾ ട്വീറ്റ് ചെയ്തു.