ന്യൂഡല്‍ഹി: ബംഗാളിലെ ബിർഭും സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമികളെ കണ്ടെത്താൻ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുതെന്നും മോദി പറഞ്ഞു.
പശ്ചിമബംഗാളിലെ രാംപൂര്‍ഹാട്ട് സംഘർഷത്തിന്‍റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാന്‍ ബംഗാള്‍ പൊലീസിന് കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. തെളിവുകള്‍ സംരക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ നടന്ന ആക്രമത്തില്‍ സ്വമേധയാ കേസെടുത്തതാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പുതിയ സി.സി.ടി.വികൾ സ്ഥാപിക്കുകയും വേണം. പോസ്റ്റ്മോർട്ടം നടപടികൾ ചിത്രീകരിക്കണം. തെളിവുകൾ കാലതാമസമില്ലാതെ ശേഖരിക്കാൻ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് കോടതി നിർദ്ദേശവും നൽകി.
ബി.ജെ.പി നേതാക്കൾ ആഭ്യന്തരമന്ത്രി അമിത്ഷാക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനേട് വിശദീകരണം തേടി. ഡി.ജി.പിയോട് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിത കമ്മീഷനും ആവശ്യപ്പെട്ടു. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ രൂപീകരിച്ച വസ്തുതാന്വേഷണ സംഘം ബംഗാളിലെത്തും. അതേസമയം വസ്തുതകൾ മനസ്സിലാക്കാതെയാണ് അനാവശ്യ പ്രസ്താവനകൾ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജി രാഷ്ട്രപതിക്ക് കത്തെഴുതി. സംഘർഷ സ്ഥലം മമത നാളെ സന്ദർശിക്കും. സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.
ഇതിനിടെ, സ്ഥലത്തെ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പലരും വീടൊഴിഞ്ഞ് പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമം ഉണ്ടായ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.