ബംഗളൂരു: കർണാടക ഉഡുപ്പിയിലെ ഹോസ മാർഗുഡി ക്ഷേത്രത്തിൽ മുസ്ലിം കച്ചവടക്കാർക്ക് വിലക്ക്. ക്ഷേത്രത്തിലെ ഉത്സവങ്ങളുടെ ഭാഗമായ കച്ചവട സ്റ്റാളുകൾ മുസ്ലിംകൾക്ക് അനുവദിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു.
ക്ഷേത്രോത്സവങ്ങളിൽ മുസ്ലിംങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ ഉടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രത്തിൽ മുസ്ലിംകൾക്ക് വിലക്കേർപ്പെടുത്തിയത്.
ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെയാണ് മുന്‍വർഷങ്ങളിലെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തിയിരുന്നത്. എല്ലാ വര്‍ഷവും 100-ല്‍ അധികം മുസ്ലീം കച്ചവടക്കാര്‍ ഇവിടെ സ്റ്റാളുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത് തടഞ്ഞുകൊണ്ട് ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ചില വലതുപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദം കാരണമാണിതെന്ന് ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോയി കണ്ടു, ഹിന്ദുക്കള്‍ക്ക് മാത്രമായി കച്ചവട സ്റ്റാളുകള്‍ ലേലം ചെയ്യാനാണ് തീരുമാനമെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്ക് ഇത് സമ്മതിക്കേണ്ടി വന്നു. ചില സംഘടനകളുടെ സമ്മര്‍ദ്ദം അവർക്കുമേലുണ്ട്,’ ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ അസോസിയേഷന് ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു.
ഹിന്ദു വർഗീയ സംഘടനകൾ ക്ഷേത്ര ഭാരവാഹികളെ സമ്മർദം ചെലുത്തിയിരുന്നതായി ക്ഷേത്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. തീവ്ര ഹിന്ദു സംഘടനകളിൽനിന്ന് സമ്മർദമുണ്ടായിരുന്നതായി ഹോസ മാർഗുഡി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് ഷെട്ടി പറഞ്ഞു. ശരിയാണ്, സമ്മർദമുണ്ടായിരുന്നു. ചർച്ചകൾക്ക് ശേഷം മുസ്ലിം കച്ചവടക്കാരെ നിരോധിക്കാൻ തീരുമാനിച്ചു- പ്രശാന്ത് ഷെട്ടി പറഞ്ഞു.
സംഭവത്തിൽ നടപടിയുണ്ടാവുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. മുസ്ലിം കച്ചവടക്കാരെ നിരോധിച്ച നടപടിയെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്ന് നിയമമന്ത്രി ജെ.സി മധുസ്വാമി അറിയിച്ചു.