തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതി സർവത്ര അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
ചെങ്ങന്നൂരിലെ അലൈമെന്‍റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ റെയിലിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,പ്രതിഷേധത്തിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ചു. ജനങ്ങളുടെ എതിർപ്പ് മറികടന്ന് സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുകയാണ്. പദ്ധതിക്ക് അനുമതി നൽകരുതെന്നും മുരളീധരൻ പറഞ്ഞു.