കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം വലിയ പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അനുമതി ലഭിച്ചതോടെ വൻ തിരക്ക് (Nadapuram Juma Masjid Women Entry). രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ് തുടങ്ങിയത്. ഇതോടെ ഇന്നലെ രാവിലെ എട്ടു മണി മുതൽ തന്നെ പള്ളി കാണാനായി ദൂര സ്ഥലങ്ങളിൽ നിന്നു പോലും സ്ത്രീകളെത്തി. തിരക്ക് വർദ്ധിച്ചതോടെ നാദാപുരം ടൗൺ വലിയ ഗതാഗതക്കുരുക്കിലായി. ട്രാഫിക്ക് നിയന്ത്രണത്തിന് പൊലീസ് ഏറെ ബുദ്ധിമുട്ടി. ഇതിന് പിന്നാലെ സ്ത്രീകൾക്ക് സൗകര്യമൊരുക്കാൻ വനിത വളന്റിയർമാരും രംഗത്തെത്തി.
32 വർഷങ്ങൾക്കു മുമ്പാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം ലഭിച്ചിരുന്നത്. അന്ന് സന്ദർശിച്ച കുട്ടികൾ പോലും ഇന്ന് മുതിർന്നവരായി. നൂറു വർഷത്തിലധികം പഴക്കമുള്ള പള്ളിയാണിത്. നിരവധി മുൻകാല പണ്ഡിതരുടെ മഖ്ബറകൾ ഇവിടെയുണ്ട്. സുന്നി പണ്ഡിതരുടെ നേതൃത്വത്തിൽ ഇവിടെ പ്രത്യേക പ്രാർഥന നടന്നു. സ്ത്രീകളുടെ സന്ദർശനം ഇന്ന് അവസാനിക്കും. കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ പണിത പള്ളിയാണ് 120 വർഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി.