തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥികളുടെ സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതായി റിപ്പോർട്ടുകൾ. മൂന്ന് സ്ഥാനാർത്ഥികളിൽ കോടീശ്വരിയായി കോൺഗ്രസ് സ്ഥാനാർത്ഥിയായ ജെബി മേത്തറാണ് മുന്നിൽ. സ്വത്തിന്റെ കാര്യത്തിൽ ഇവരാണ് മൂന്ന് പേരലും ഏറ്റവും മുന്നിൽ ഇപ്പോൾ നിൽക്കുന്നത്. ഏറ്റവും കുറവ് സിപിഎം സ്ഥാനാർത്ഥിയായി എഎ റഹീമിന്റെ പേരിലുമാണ്.
ജെബി മേത്തർക്ക് 11.14 കോടിയുടെ കാർഷിക, കാർഷികേതര ഭൂസ്വത്ത് ഉണ്ടെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇൻഷുറൻസ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിൽ ഉണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. ഭർത്താവിന്റെ പേരിൽ 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെൻസ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കിൽ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറൽ ബാങ്കിൽ 12,570 രൂപയുമുണ്ട്.
എന്നാൽ, ദേശീയ നേതാവായിട്ടു കൂടി ഒരു കേസു പോലും ജെബിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.
സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എഎ റഹീമിന് സ്വന്തമായിട്ട് ഉള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരിൽ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളതെന്ന രേഖകളിൽ വ്യക്തമാക്കുന്നു. 37 ക്രിമിനൽ കേസുകളും റഹീമിന്റെ പേരിൽ ഉള്ളത് വൻ തിരിച്ചടിയാണ്.