കോട്ടയം: കേരളം മുഴുവനും കെ റെയിൽ വിരുദ്ധസമരം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് കോട്ടയം മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയ വിശദീകരണയോഗം നടത്തിയത്. ഈ യോഗത്തിൽ പങ്ക് എടുത്ത ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ മുന്നണിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെയാണ് കോൺഗ്രസ് സമരത്തെ വെല്ലുവിളിച്ചുകൊണ്ട് എ വിജയരാഘവൻ സംസാരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറച്ചുവെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വിജയരാഘവൻ വിമർശിക്കുകയും ചെയ്തു. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് കോൺഗ്രസ് സമരം നടത്തുന്നത്. എന്നാൽ ഇടതുപക്ഷത്തെ പോലെ സമരം ചെയ്യാൻ കോൺഗ്രസ് വളർന്നിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് പ്രസംഗത്തിൽ വിജയരാഘവൻ ചെയ്തത്.