എഴുന്നള്ളത്തിനിടെ പൂവൻ കോഴികളെ കണ്ട് ഭയന്ന് കൊമ്പൻ. ഒടുവിൽ തിരിച്ചയച്ച് ക്ഷേത്ര ഭാരവാഹികൾ. തൃശൂർ പഴയന്നൂരിലാണ് വേറിട്ട സംഭവം നടന്നത്. ഭക്തർ വഴിപാടായി നൽകിയ പൂവൻ കോഴികളാണ് ശീവേലിക്ക് തിടമ്പേറ്റാൻ എത്തിച്ച കൊമ്പനാനയെ പേടിപ്പിച്ചത്. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ വഴിപാടായി സമർപ്പിക്കുന്നത് പൂവൻ കോഴികളെയാണ്.
ഉത്സവത്തിൻറെ രണ്ടാം ദിവസം ശീവേലിക്ക് തിടമ്പേറ്റാനെത്തിയ ശ്രീക്കുട്ടനാണ് ഈ കോഴിപ്പൂവൻമാരെ കണ്ട് അസ്വസ്ഥനായത്. പ്രദക്ഷിണ സമയത്ത് കോഴികൾ കൂട്ടത്തോടെ അടുത്തെത്തിയപ്പോൾ കൊമ്പനുണ്ടായ അസ്വസ്ഥത കണ്ട് ഭക്തരും ഭയന്നു. ഇതോടെയാണ് ശ്രീക്കുട്ടനെ ക്ഷേത്രഭാരവാഹികൾ തിരിച്ചയച്ചത്. രാത്രി ശീവേലിക്കായി ദേവസ്വം പകരം ആനയെ എത്തിക്കുകയായിരുന്നു.