ദുബൈ: എക്‌സ്‌പോ 2020യ്ക്ക് തിരശ്ശീല വീഴാൻ നാളുകൾ മാത്രം അവശേഷിക്കെ ഇന്ത്യൻ പവലിയനിലെ സന്ദർശകരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. എക്‌സ്‌പോ സമാപിക്കാനിരിക്കെ ഇന്ത്യൻ പവലിയനിൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്.
ആറു മാസത്തിനിടയിൽ എക്‌സ്‌പോയിലെ ഏറ്റവും മികച്ച പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയൻ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന പവലിയനുകളിലൊന്നായി മാറിയത് വലിയ അംഗീകാരമാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും മേഖലകളും വിവിധ ലോക രാജ്യങ്ങളിലെ സർക്കാറുകളുമായും ബിസിനസ് സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിന് എക്‌സ്‌പോയിലെ പ്രദർശനം പ്രയോജനപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.