ഡൽഹി: ഇന്ധന പാചക വാതക വില വർധനവ് വീണ്ടും പാർലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കം. വർധിക്കുന്ന ഇന്ധന വിലയിൽ രാജ്യസഭയിലും ലോക്സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരൻ എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് സമർപ്പിച്ചത്. രാജ്യസഭയില്‍ കോൺഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇന്ധന പാചക വാതക വില വർധനവ് ഇന്നലെ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും ഒടുവിൽ തളളിയിരുന്നു.
ഇന്ധന പാചകവാതക വില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നലെ പാര്‍ലമെന്‍റ് സ്തംഭിച്ചിരുന്നു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി. പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധമിരമ്പി. ചര്‍ച്ചയാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തില്‍ നടപടികള്‍ സ്തംഭിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ വിഷയമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വില വര്‍ധനയുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായെന്ന് അധിര്‍ രഞ്ജന്‍ വ്യക്തമാക്കി.