എല്ലാ വർഷവും മാർച്ച് 23- നാണ് ലോക കാലാവസ്ഥാ ദിനം ആചരിക്കുന്നത്. ജനങ്ങൾക്കും അവരുടെ ഇടപെടലുകൾക്കും ഭൗമാന്തരീക്ഷത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ഉള്ള പ്രാധാന്യത്തെ ഊന്നിപ്പറയാനാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ഇന്റർ-ഗവൺമെന്റൽ ബോഡിയായ ലോക കാലാവസ്ഥാ സംഘടന (WMO) സ്ഥാപിച്ചതിന്റെ വാർഷിക ദിനം കൂടിയാണ് മാർച്ച് 23. 1950 മാർച്ച് 23-നാണ് ലോക കാലാവസ്ഥ സംഘടന നിലവിൽ വന്നത്. WMO-യുടെ വെബ്‌സൈറ്റ് പ്രകാരം, ലോക കാലാവസ്ഥ ദിനം സമൂഹത്തിന്റെ പൊതുവായ സുരക്ഷയ്ക്കും നന്മയ്ക്കും കാലാവസ്ഥാ സംബന്ധിയും ജലശാസ്ത്രസംബന്ധിയുമായ ദേശീയ തലത്തിലുള്ള അവശ്യസേവനങ്ങൾ എത്രത്തോളം സംഭാവന നൽകുന്നു എന്നത് നമുക്ക് കാണിച്ചു തരുന്നുണ്ട്.
ഇന്നത്തെ കാലാവസ്ഥ ലോകത്തെ നിരന്തരം ഭീതിപ്പെടുത്തുന്ന ഒന്നാണ്. കാലാവസ്ഥയുടെ കലിതുള്ളൽ ഓരോ തവണയും പലരീതിയിലാണ്. ഒന്നുകിൽ കടുത്ത ചൂട്, അല്ലങ്കിൽ കൊടും പ്രളയം. രണ്ടും സ്വസ്ഥജീവിതത്തിന് ഒരു വലിയ വെല്ലുവിളി തന്നെയാണ്. വർദ്ധിക്കുന്ന ജനസംഖ്യ, ദ്രുതഗതിയിലെ നഗരവത്കരണം, പരിസ്ഥിതിവിനാശകരമായ പ്രവർത്തനങ്ങൾ എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത രൂക്ഷമാക്കുന്നു. കടുത്ത വരൾച്ച, ഉഷ്ണശീത തരംഗങ്ങൾ, ശക്തമായ ചുഴലിക്കാറ്റുകൾ, സൂര്യാഘാതം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മഞ്ഞുമലയിടിച്ചിൽ, ഉയരുന്ന സമുദ്രനിരപ്പ്, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കം എന്നിങ്ങനെ ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.
1880 കൾ മുതൽ ശരാശരി ആഗോളതാപനിലയിൽ 1.2 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനയുണ്ടായിട്ടുണ്ട്. 21ാം നൂറ്റാണ്ടിൽ ആഗോളതാപനില രണ്ടു ഡിഗ്രി സെൽഷ്യസ് കവിയാതിരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് 2015 ലെ പാരിസ് ഉച്ചകോടി നിഷ്കർഷിച്ചിരുന്നു. ആഗോള താപനിലയുടെ ഉയർച്ച ഒന്നര ഡിഗ്രി സെൽഷ്യസിലേക്ക് നിജപ്പെടുത്തണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കൂട്ടായ്മ നിർദ്ദേശിച്ചു. താപനിലയിലെ വർദ്ധന വികസ്വര രാജ്യങ്ങളുടെയും ദ്വീപ സമൂഹങ്ങളുടെയും നിലനില്പിന് തന്നെ വെല്ലുവിളിയാകുമെന്ന ഭീതിയെത്തുടർന്നാണ് ഈ നിബന്ധന മുന്നോട്ടുവച്ചത്.
ജൂൺ ആദ്യം ആരംഭിച്ച് സെപ്തംബർ അവസാനം വരെ നീളുന്ന കാലവർഷക്കാലം, ഒക്‌ടോബർ – നവംബർ മാസങ്ങളിലെ തുലാവർഷക്കാലം, ഡിസംബർ – ജനുവരി മാസങ്ങളിലെ പൊതുവേ ചൂടുകുറഞ്ഞ കാലാവസ്ഥ, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വേനൽമഴ എന്നിങ്ങനെയാണ് കേരളത്തിലെ കാലാവസ്ഥാ വിന്യാസം. സമതുലിതമായ മഴ, ചൂടുകുറഞ്ഞ കാലാവസ്ഥ എന്നിവമൂലം സംസ്ഥാനത്തിന് ജലക്കമ്മി നേരിടേണ്ടിവരുന്ന അവസ്ഥ താരതമ്യേന വിരളമായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിന്റെ കാലാവസ്ഥയുടെ താളം തന്നെ തെറ്റി. അനുബന്ധമായി മഴക്കാലത്തിലും മാറ്റങ്ങൾ ദൃശ്യമാകുന്നു.
മഴപെയ്ത്തിന്റെ സ്വഭാവം മാറി. ഒരു ഋതുവിൽ കിട്ടേണ്ട മഴ ചിലപ്പോൾ ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നു. ഒരാഴ്ച കൊണ്ടു പെയ്യേണ്ട മഴ ഒരൊറ്റദിവസം കൊണ്ടു പെയ്യുന്നു. ചിലപ്പോഴാകട്ടെ ഒരു മണിക്കൂറു കൊണ്ട് ഒരു ദിവസത്തെ മഴ പെയ്തിറങ്ങുന്നു. കാലവർഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായി പെയ്തൊഴിയുന്ന പ്രവണത വർദ്ധിക്കുന്നു. മുൻകാലങ്ങളിൽ ഒറ്റദിവസത്തിനുള്ളിൽ നൂറു മില്ലി മീറ്ററിലധികം മഴ ലഭിക്കുന്ന അവസരങ്ങൾ വിരളമായിരുന്നു. എന്നാൽ സമീപവർഷങ്ങളിൽ ഒറ്റദിവസം കൊണ്ട് 200- 400 മില്ലി മീറ്റർ മഴ ലഭിക്കുന്ന സാഹചര്യങ്ങൾ സാധാരണമാകുന്നു.
നിലവിലെ കാലാവസ്ഥ ഇപ്പോൾ അതി കഠിനമാണ്. കടുത്ത ചൂടാണ് ഇപ്പോൾ അനുഭപ്പെടുന്നത്. സൂര്യാഘാതവുമായി ബന്ധപ്പെട്ട് 39 കേസുകൾ ഈ വർഷം ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു. വരൾച്ച, കുടിവെള്ളക്ഷാമം തുടങ്ങി ഗുരുതരമായ വിപത്തുകളാണ് ഇനി വരാനിരിക്കുന്നത്. പലയിടങ്ങളിലും ഇപ്പോൾ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ്. അതേസമയം, വേനല്‍ മഴ കുറഞ്ഞതും ചൂട് വര്‍ദ്ധിച്ചതുമൊക്കെയായി ഭൂമിയുടെ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും മനുഷ്യന്റെ മനോഭാവത്തില്‍ മാറ്റം വരുന്നില്ല എന്നതാണ് വാസ്തവം. വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും വികസനത്തിനായി കുന്നുകള്‍ ഇടിച്ച് നിരത്തുമ്പോഴും, വര്‍ദ്ധിക്കുന്ന ചൂടിനായി ശീതീകരണികളെ കൂടുതല്‍ ആശ്രയിക്കുമ്പോഴും നാം അറിഞ്ഞോ അറിയാതെയോ ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കുന്നതിന് കാരണക്കാരാകുന്നു.