കോഴിക്കോട്: കെ-റെയിലിന്റെ ഭാഗമായി കല്ലിടാനും സര്‍വെയ്ക്കും എത്തുന്ന സംഘത്തെ പ്രതിരോധിക്കാന്‍ ‘കരുതൽ പട’ രൂപവത്കരിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ-റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനും ഒരു 11 അംഗ ‘കരുതല്‍ പട’ രൂപവത്കരിച്ചതായി കോഴിക്കോട് ഡിസിസി പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി കോൾ സെന്ററും ഡിസിസി ആരംഭിച്ചിട്ടുണ്ട്.
‘കരുത്തേകാന്‍ കരുതലാവാന്‍’ എന്നതാണ് കരുതൽ പടയുടെ രൂപവത്കരണത്തിന് പിന്നിലെ ഉദ്ദേശം. കല്ലിടാനും സര്‍വ്വെക്കും വരുന്ന സംഘത്തെ പ്രതിരോധിക്കുവാന്‍ കെ റെയില്‍ ഇരകളോടൊപ്പം കരുതല്‍ പടയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏത് കെ-റെയില്‍ വിരുദ്ധ പോരാട്ടത്തിനും മുന്നില്‍ ഈ പടയില്‍പ്പെട്ട നേതാക്കള്‍ ഉണ്ടാവുമെന്ന് അറിയിച്ച് പതിനൊന്ന് നേതാക്കളുടെ പേരും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പങ്കുവെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. കോട്ടയത്തും എറണാകുളത്തും യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റ് വളപ്പിൽ കെ റെയിൽ പ്രതിഷേധ കല്ല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു. പൊലീസ് പ്രതിരോധം മറികടന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.
സിൽവർ ലൈന്‍ കല്ലിടലിനെതിരെ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി കല്ലിട്ട് പ്രതിഷേധിച്ചു. അതേസമയം എറണാകുളം ചോറ്റാനിക്കരയിൽ ഇന്ന് കെ റെയിൽ സർവേ നടത്തിയില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നത്തെ സർവേ കെ റെയിൽ ഉദ്യോഗസ്ഥർ റദ്ദാക്കുകയായിരുന്നു. കെ റെയിൽ സംഘമെത്തുമെന്ന് കരുതി സംഘടിച്ച നാട്ടുകാർ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.