റാഞ്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിത്സയിലുള്ള ലാലുവിനെ ചൊവ്വാഴ്ച തന്നെ എയിംസിലേക്ക് മാറ്റും.
അദ്ദേഹത്തിന്റെ ഹൃദയത്തിലും വൃക്കയിലും പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി റിംസ് ഡയറക്ടർ കാമേശ്വർ പ്രദാസ് പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് അയക്കുകയാണ്. ജയിൽ അധികൃതർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ ഒന്നിന് വാദം കേൾക്കാനിരിക്കയാണ്. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിൽ സിബിഐ പ്രത്യേക കോടതി അഞ്ചു വർഷം തടവു ശിക്ഷ വിധിച്ചതിനെ തുടർന്ന് ലാലുവിനെ വീണ്ടും ജയിലിലാക്കിയിരുന്നു. പിന്നീടു ചികിത്സാ സൗകര്യാർഥം ജയിലിൽനിന്നു റിംസിലേക്കു മാറ്റി.