കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്. ഈ മാസം 24 ന് ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
എന്നാല്‍ മറ്റന്നാള്‍ ഹാജരാകാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചു. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപ് അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ- സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴിയും ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തുകള്‍ക്ക് പിന്നാലെയാണ് കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
അതേസമയം സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും, സാക്ഷിയായാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പിന്നാലെ സായി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.