കൊച്ചി: ചോറ്റാനിക്കരയില്‍ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കെ-റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ തടയുകയും സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തതിനാണ് മുന്‍ മന്ത്രി അനൂപ് ജേക്കബിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതോടൊപ്പം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരേയും ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര പോലീസാണ് കേസ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, കെ-റെയിലിനെതിരെ കോട്ടയം കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതില്‍ചാടിക്കടന്ന പ്രവർത്തകർ കലക്ടറേറ്റ് വളപ്പിനുള്ളില്‍ കെ-റെയിൽ സർവേ കല്ല് പ്രതീകാത്മകമായി കുഴിച്ചിട്ടു. പ്രവർത്തകരെ ബലമായി പുറത്താക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു.
കെ-റെയിൽ കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. തിരുനാവായയിൽ കെ-റെയിൽ കല്ലുകൾ പ്രതിഷേധകർ പിഴുതെറിഞ്ഞു. റെയിൽവെ ഭൂമിയിലെ കല്ലുകളാണ് സമരക്കാർ പിഴുതെറിഞ്ഞത്. നിരവധിയാളുകളാണ് തിരുനാവായയിൽ സംഘടിച്ചത്. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു.
അതേസമയം കോട്ടയം കുഴിയാലിപ്പടിയിൽ കെ-റെയിലിനായി സ്ഥാപിച്ച കല്ല് പിഴുത് നാട്ടുകാർ തോട്ടിലെറിഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കല്ലിടൽ നിർത്തിവെച്ച് ജീവനക്കാർ മടങ്ങി. സ്ത്രീകളടക്കം നിരവധി പേരാണ് ഇന്നും സമരത്തിന് എത്തിയത്. രാവിലെ എട്ടരയോടെയാണ് കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ ആദ്യ സർവ്വേ കല്ല് ഇട്ടത്.
ഇന്നലെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയ കെ-റെയിൽ ജീവനക്കാർ രാവിലെ തന്നെ എത്തി കല്ലിടുകയായിരുന്നു. സമരത്തിന് കൂടുതൽ ആളുകൾ എത്തിയതിന് പിന്നാലെ ഇട്ട സർവ്വേകല്ല് സമരക്കാർ പിഴുത് തോട്ടിലെറിഞ്ഞു. എന്നാല്‍ കെ-റെയിലിനെതിരെ ജനങ്ങൾ നടത്തുന്ന സമരത്തിന് യുഡിഎഫ് പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.