കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷം നടന്ന ബിര്‍ഭൂം കേന്ദ്രസംഘം നാളെ സന്ദര്‍ശിക്കും. പത്തുപേര്‍ കൊല്ലപ്പെടാനിടയാക്കിയ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനെ ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന്റെ ധാര്‍മിക ഉത്തകരവാദിത്വം ഏറ്റെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുകയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മമത സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതിനാലാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചു.
ക്രമസമാധാന നില ആകെ തകര്‍ന്നെന്നും ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കല്‍ക്കട്ടാ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
ടിഎംസി നേതാവും ബാരിഷാല്‍ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനുമായ ബാദു ഷെയ്ഖിനെ ഒരു സംഘം ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. അക്രമപരമ്പരകളിൽ എട്ടോളം വീടുകള്‍ തീവയ്ക്കപ്പെട്ടു. ഈ സമയത്ത് വീടിനകത്ത് ഉണ്ടായിരുന്ന എട്ട് പേര്‍ വെന്തുമരിക്കുകയായിരുന്നു. മരിച്ച ഏഴ് പേർ ഒരു വീട്ടിലുണ്ടായിരുന്നവരാണ്.
സംഭവത്തില്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് മമത സർക്കാര്‍ ഉത്തരവിട്ടു. ഇതുവരെ പതിനൊന്ന് പേര്‍ അറസ്റ്റിലായതായി ഡിജിപി മനോജ് മാളവ്യ പറഞ്ഞു. സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നതെന്നും വ്യക്തിവിരോധമാണ് സംഘർഷത്തിന് കാരണമായതെന്നും ഡിജിപി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ മമത സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തുകയാണ് ബിജെപി. ഭീകരരുടെ സ്വന്തം സ്ഥലമായി ബംഗാള്‍ മാറിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ബിജെപി – ടിഎംസി സംഘര്‍ഷം കൂടി ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശിച്ചു. സംഘര്‍ഷത്തെ കുറിച്ച് കേന്ദ്ര തല അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ബിജെപി എംപിമാർ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. എന്നാല്‍ സംഘര്‍ഷത്തില്‍ രാഷ്ട്രീയമില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിലപാട്.