രക്ഷാപ്രവർത്തകരുടെ തെരച്ചിൽ വിഫലമായി. എരിഞ്ഞടക്കി ആ വിമാനത്തിലെ 132പേരും. തിങ്കളാഴ്ച ചൈനനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന 132 പേരും കൊല്ലപ്പെട്ടതായി ചൈനീസ് ഔദ്യോഗിക മാധ്യമം. വിമാനാപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്നാണ് സിസിടിവി വിശദമാക്കിയത്. വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആരെയും രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായില്ല.
വിമാനം തകർന്ന് 18 മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് സിസിടിവി ഇക്കാര്യം വിശദമാക്കിയത്. 9 ജീവനക്കാരും123 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വ്യക്തതയില്ല. ചൈനയിലെ പടിഞ്ഞാറൻ മേഖലയായ കുൺമിംഗിൽ നിന്ന് ഗുവാങ്സോയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
3.5 ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി നഷ്ടമാവുകയായിരുന്നു. മലമുകളിലേക്ക് വിമാനം കുപ്പുകുത്തി വീണതോടെ പ്രദേശത്തെ പർവ്വതത്തിൽ തീപിടുത്തവും ഉണ്ടായിരുന്നു. ബോയിംഗ് 737 വിമാനമാണ് തകർന്നത്. വിമാനാപകടത്തിന് പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോഗ് ഉൻ ചൈനീസ് പ്രസിഡൻറിനെ അനുശോചനം അറിയിച്ചിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുപ്പതിനായിരം അടി ഉയരത്തിൽ നിന്നാണ് വിമാനം മലമുകളിലേക്ക് കൂപ്പ് കുത്തിയത്.