ദില്ലി: രാജ്യത്ത് പെട്രോൾ–ഡീസൽ (Petrol – Diesel Price) വില കൂട്ടിയതിനെതിരെ വിമർശനവുമായി ശശി തരൂർ എംപി (Shashi Tharoor MP). അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാനായി കാത്തിരിക്കുകയായിരുന്നു കേന്ദ്ര സർക്കാരെന്നാണ് തരൂരിൻറെ പ്രതികരണം. മുമ്പുള്ള എല്ലാ റെക്കോർഡുകളും തകർത്ത് കൊണ്ട് ഇന്ധന വില കുതിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയിൽ മാറ്റമില്ലായിരുന്നു.
പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടിയത്. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന. ക്രൂഡ് ഓയിൽ വിലയിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. 137 ദിവസം അനക്കമില്ലാതിരുന്ന ഇന്ധന വിലയിലെ പുതിയ മാറ്റം മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർമാരെ അറിയിച്ചു.