തിരുവനന്തപുരം: സംസ്ഥാനമാകെ കെ-റെയിൽ( K Rail)പ്രതിഷേധ സമരങ്ങൾ ശക്തമാകുന്നതിനിടെ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി റവന്യുമന്ത്രി കെ രാജൻ (K Rajan).സർക്കാരിന്റെയോ പാർട്ടിയുടെയോ അഭിപ്രായം ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പറയുമെന്നുമായിരുന്നു സിപിഐ മന്ത്രിയുടെ പ്രതികരണം.
അതിനിടെ സിൽവർ ലൈൻ പദ്ധതിക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് സിപിഎം. ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിൻറെ സമീപനമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലൻ വിമർശിച്ചു. വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.കെ റെയിൽ പദ്ധതിയിൽ വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിക്കും. അതിന് ശേഷവും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് മാറ്റാനുള്ള നടപടികളെടുക്കും. അലൈൻമെന്റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു.