തിരുവനന്തപുരം: നിരവധി സ്ത്രീ പീഡന കേസുകളിലെ പ്രതിയെയാണ് ഐഎഫ്എഫ്കെ ഉദ്ഘാടനത്തിന് പിണറായി വിജയൻ ക്ഷണിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സംവിധായകൻ അനുരാഗ് കശ്യപിനെ ക്ഷണിച്ചതിനെതിരെയാണ് പരാമർശം ഉയരുന്നത്.
യുപി സർക്കാർ നാട്ടിൽ കയറ്റാത്ത അനുരാഗ് കശ്യപിനെ കൊച്ചിയിൽ താമസിപ്പിക്കാൻ പോവുകയാണ്. സ്ത്രീ പീഡനകേസിലെ പ്രതിയെ ഇരയായ നടിയെ കൊണ്ട് ഷാൾ അണിയിപ്പിച്ചു എന്നും സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
മീടു കേസിലും ബലാത്സംഗക്കേസിലും നികുതിവെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകൻ അനുരാഗ് കശ്യപിനെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുപ്പിച്ചതിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണനും രംഗത്തെത്തി. മലയാളികളെ മുഴുവൻ അപമാനിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ചെയ്തതെന്ന് രാധാകൃഷ്ണൻ കൊച്ചിയിൽ ആരോപിച്ചു. കശ്യപിനെപ്പോലൊരാൾക്ക് താമസിക്കാൻ പറ്റിയ ഇടമാണ് കേരളമെന്ന പ്രസ്താവന പിൻവലിക്കാൻ രഞ്ജിത് തയാറാകണമെന്നും എ എൻ രാധാകൃഷ്ണൻ ആവശ്യപ്പെടുകയും ചെയ്തു.