തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കെ റെയിൽ വിരുദ്ധ സമരം ശക്തം. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി.
കോട്ടയത്ത് കെ റെയിൽ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി നിന്ന് കോൺഗ്രസ് പ്രവർത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമരം. ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചു.
കോഴിക്കോട് കല്ലായിയിൽ സർവേ തടഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷൻ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാൻ പറയുന്നത്, പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികൾ, സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകൾ പറിച്ചു കളഞ്ഞു. കല്ല് പിഴുത് സമരക്കാർ കല്ലായി പുഴയിൽ ഇട്ടു. കോൺഗ്രസ് – ബിജെപി പ്രവർത്തകർ ചേർന്നാണ് കല്ല് പറിച്ചത്. സർവേ നിർത്താൻ നിർദേശം ഇല്ലെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരെ ഉപരോധിച്ച സമരക്കാർ സർവേ നിർത്തി പിരിഞ്ഞു പോകണം എന്ന് ആവശ്യപ്പെട്ടു. സമരക്കാർ തഹസിൽദാരെ ഉപരോധിച്ചു. സ്ഥിതിഗതികൾ ജില്ലാ കളക്ടറെ ധരിപ്പിച്ച് മറുപടിക്കായി കാത്തു നിൽക്കുന്നു എന്ന് റവന്യൂ ഉദ്യോഗസ്ഥർ പ്രതികരിച്ചു.