ഇന്ന് മാർച്ച് 21 ലോക വനദിനം. ഈ വർഷത്തെ അന്താരാഷ്ട്ര വനദിനത്തിന്റെ സന്ദേശം തന്നെ “വനങ്ങളുടെ പ്രാധാന്യം : നമുക്ക് എങ്ങനെ വനങ്ങളെ സംരക്ഷിക്കാം” എന്നാണ്.ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവവൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ അവരുടെ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് വളരെയധികം ഭീതിയുണർത്തുന്നതാണ്. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
1990 ന് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പൂർണമായും നഷ്ടപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തെക്കാളുമേറെ പ്രാധാന്യമർഹിക്കുന്നതായി മാറിയിരിക്കുന്ന ഈ അവസരത്തിലാണ് ഈ വർഷത്തെ വനദിനത്തിന്റെ പ്രാധാന്യം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അന്താരാഷ്ട്ര വനവർഷം 2011 നോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചത്. ഇന്നത്തെയും ഭാവിതലമുറയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി വനത്തിന്റെയും വനത്തിനു പുറമെയുള്ള ജൈവ വൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ പരിപാടികൾ വനദിനത്തോടനുബന്ധിച്ച് നടപ്പിലാക്കി വരുന്നു. ഈ വർഷത്തെ വനദിന സന്ദേശം ഐക്യരാഷ്ട്ര ആവാസ വ്യവസ്ഥ പുനസ്ഥാപിക്കൽ (2021-2030) ദശകത്തോട് വളരെയധികം ചേർന്ന് നിൽക്കുന്നതാണ്.
ജനങ്ങളുടെയും പ്രകൃതിയുടെയും അഭിവൃദ്ധിക്കായി എല്ലാതരം ആവാസ വ്യവസ്ഥകളുടെയും സംരക്ഷണവും പുനരുജ്ജീവനവും മുന്നിൽ കണ്ടുകൊണ്ടാണിത്. ഇങ്ങനെ ആവാസ വ്യവസ്ഥാ നശീകരണത്തിനെ തടയാനും പുനസ്ഥാപിക്കാനും അതുവഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നും പ്രത്യാശിക്കുന്നു. ഭക്ഷണം, പാർപ്പിടം, തൊഴിൽ എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി മനുഷ്യൻ കാടിനെ ആശ്രയിക്കുന്നതോടൊപ്പം വനവും വനേതര വൃക്ഷങ്ങളും മനുഷ്യനാവശ്യമായ ഊർജ്ജം, വായു, ജലം, മറ്റു ഉൽപന്നങ്ങൾ എന്നിവ പ്രദാനം ചെയ്യുകയും പ്രതിവർഷം 86 ദശലക്ഷം തൊഴിൽ നൽകുകയും ചെയ്യുന്നു. ഇതിലൂടെ വനങ്ങൾ ജനങ്ങളുടെ, പ്രധാനപ്പെട്ടും വനത്തോട് ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ ദാരിദ്ര നിർമാർജ്ജനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
രാജ്യത്തെ വനമേഖലയുടെ വിസ്തീർണം രണ്ടു വർഷത്തിനിടെ 0.22 ശതമാനം വർധിച്ചെന്ന് പഠനങ്ങൾ. 2019നും 2021നും ഇടക്ക് 1540 ചതുരശ്ര കി. മീ കാട് വർധിച്ചു. 2011നും 2021നും ഇടയിൽ ആകെ 21,762 ചതുരശ്ര കി.മീ വർധനയുണ്ടായെന്നും കേന്ദ്ര വനംവകുപ്പിന് കീഴിലെ ഫോറസ്റ്റ് സർവേയുടെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിൽ (ഐ.എസ്.എഫ്.ആർ) വ്യക്തമാക്കുന്നു. രണ്ടുവർഷം കൂടുമ്പോഴാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. 2011ലെ ആകെ വനമേഖലയുടെ വിസ്തീർണം 21.05 ശതമാനത്തോടെ 692,027 ചതുരശ്ര കി.മീ ആയിരുന്നു. ഇതിൽ 2.54 ശതമാനത്തോളം ഘോരവനവും (ഡെൻസ് ഫോറസ്റ്റ്) 9.76 ശതമാനം മിവുംതഘോരവനവും (മോഡറേറ്റ്ലി ഡെൻസ് ഫോറസ്റ്റ്) 8.75 ശതമാനം തുറസ്സായ വനവും (ഓപൺ ഫോറസ്റ്റ്) ആണ്. ആകെ ഭൂവിസ്തൃതിയുടെ 2.76 ശതമാനം കാടുകളല്ലാതെ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ട്രീ കവർ പ്രദേശമായിരുന്നു.
2021ൽ ഇന്ത്യയിലെ ആകെ വനമേഖലയുടെ വിസ്തീർണം 713,789 ചതുരശ്ര കി.മീ. ആണ്; ആകെ രാജ്യവിസ്തൃതിയുടെ (32,87,469) 21.71 ശതമാനം. ഇതിൽ ഘോരവനം 3.04 ശതമാനവും മിതഘോരവനം 9.33 ശതമാനവും തുറസ്സായ വനം 9.34 ശതമാനമാണ്. കഴിഞ്ഞ വർഷം 2.91 ശതമാനമായിരുന്നു ട്രീ കവർ വിസ്തൃതി. 2019ൽ 21.67 ശതമാനമായിരുന്നു ഇന്ത്യയിലെ ആകെ കാടിന്‍റെ വ്യാപ്തി, 712,249 ച.കി.മീ ആണ് വിസ്തൃതി. ഇതിൽ 3.02 ശതമാനം നിബിഡവനവും 9.38 ശതമാനം മിതഘോരവനവും 9.26 ശതമാനം തുറസ്സായ കാടുമായിരുന്നു. ഇതേ വർഷം ട്രീ കവർ വിസ്തൃതി 2.89 ശതമാനമായിരുന്നു. രണ്ടു വർഷത്തിനിടെ വനവിസ്തൃതി വർധനവിൽ മുന്നിലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല. ആന്ധ്രപ്രദേശ് (647 ച.കി.മീ. വർധന), തെലങ്കാന (632), ഒഡിഷ (537), കർണാടക (155), ഝാർഖണ്ഡ് (110) എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. രാജ്യത്തെ വനമേഖലയുടെ 22.27 ശതമാനം ഭാഗവും പെട്ടെന്ന് തീപിടിക്കാവുന്ന തരത്തിലുള്ളതാണെന്നും 2019ലേതിനേക്കാൾ കണ്ടൽക്കാടുകളുടെ വിസ്തൃതി 0.34 ശതമാനമായി വർധിച്ചുവെന്നും ഐ.എസ്.എഫ്.ആർ റിപ്പോർട്ടിലുണ്ട്.
മരങ്ങളും വനങ്ങളും കയ്യേറി നശിപ്പിച്ചു വികസനം എന്ന സ്വപ്നവും ആയി നടക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ചെയ്യുന്ന തെറ്റുകൾക്ക് പശ്ചാത്തപിക്കാൻ വേണ്ടിയുള്ള ഒരു ദിവസം കൂടിയാണിത്. ആഘോഷങ്ങൾക്കും അപ്പുറം എന്ത് സ്വാധീനമാണ് ഈ ദിനങ്ങൾ നമ്മുടെ മനുഷ്യരാശിയുടെ ഭൂരിഭാഗം പേരിലും ഉണ്ടാകുന്നു എന്നത് ചിന്തനീയമായ വസ്തുതയാണ്. മനുഷ്യരാശിയുടെ വനങ്ങളുമായുള്ള ബന്ധത്തിന് അവന്റെ ആദിമകാലവുമായി ബന്ധമുണ്ടെങ്കിലും, വനങ്ങളുടെ നശീകരണം മനുഷ്യരാശിയുടെ തന്നെ നിലനില്പിനെ തന്നെ ബാധിക്കുമെന്നും അതുകൊണ്ടു വനങ്ങളെ സംരക്ഷിക്കാതെ മുന്നോട്ടുപോകുവാൻ കഴിയില്ല എന്ന തിരിച്ചറിവിൽ നിന്നാണ് വനദിനാചരണം ഉടലെടുക്കുന്നത്. ഇതിന്റെ അനിവാര്യത അധികാരവർഗത്തിന് ബോധ്യമായത് പത്തുവർഷം മുൻപ് മാത്രമാണെന്ന് തോന്നും. എല്ലാത്തരം വനങ്ങളുടെയും പ്രാധാന്യം ആഘോഷിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി 2012 നവംബർ 28-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മാർച്ച് 21 അന്താരാഷ്ട്ര വനദിനമായി (IDF) ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
അന്നുമുതൽ വൃക്ഷത്തൈ നടൽ കാമ്പയിനുകൾ പോലുള്ള വനങ്ങളും മരങ്ങളും ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിവിധ പരിപാടികൾ ലോകമെമ്പാടും നടത്തിവരുന്നു. എല്ലാ വർഷവും the Collaborative Partnership on Forest (ഇത് യുണൈറ്റഡ് നേഷൻസ് ഫോറം ഓൺ ഫോറസ്റ്റിന്റെ ഒരു വിഭാഗമാണ്) വനദിനത്തിന് ഒരു തീം തീരുമാനിക്കുന്നത്. “Forests and sustainable production and consumption.” “വനങ്ങളും സുസ്ഥിര ഉൽപ്പാദനവും ഉപഭോഗവും” എന്നതാണ് 2022-ലെ പ്രമേയം.
വനങ്ങളും മനുഷ്യരും തമ്മിൽ എന്ത് ബന്ധങ്ങളാണ് ഉള്ളത്? വനങ്ങളും പല സ്ഥലത്തും താമസിക്കുന്ന മനുഷ്യരും തമ്മിൽ പല പല വിധത്തിൽ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. നമ്മൾ ശ്വസിക്കുന്ന ശുദ്ധവായു മുതൽ കുടിക്കുന്ന ജലം, താമസിക്കുന്ന വീട്, എഴുതുന്ന പേപ്പർ, വായിക്കുന്ന പുസ്തകങ്ങൾ, കഴിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം തന്നെ കാടും പ്രകൃതിയുമായി മനുഷ്യനെ ബന്ധപ്പെടുത്തുന്ന കണ്ണികളാകുന്നു. മനുഷ്യന്റെ കാൽസ്പർശം ഏൽക്കാതെ കിടക്കുന്ന മണ്ണിൽ കാട് പെട്ടെന്ന് വളർന്നു വരുന്നത് കണ്ടിട്ടില്ലേ വനങ്ങളുടെ നിലനിൽപ്പിനു മനുഷ്യന്റെ ആവശ്യം ഇല്ല എന്നാൽ മനുഷ്യകുലത്തിന്റെ നിലനിൽപ്പിനു വനങ്ങൾ അനിവാര്യമാണ്. നാം ഒരു ദിവസം ശ്വസിക്കുന്ന ഓക്സിജന്റെ വിലയറിയണമെങ്കിൽ അത്യാസന്ന നിലയിൽ ആശുപത്രികളിൽ കിടക്കേണ്ട സാഹചര്യം ഉണ്ടായാൽ മതി. നാം കുടിക്കുന്ന ജലത്തിന്റെ വിലയും അതുപോലെ തന്നെ.
ലോകം ഇന്ന് അഭിമുഗീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യരാശിയുടെ, പ്രകൃതിയുടെ നിലനിൽപ്പുതന്നെ ഭീഷണി ആയി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം തടയണമെങ്കിൽ വനങ്ങൾക്കു മാത്രമേ സാധിക്കു. തരിശു ഭൂമികൾ എല്ലാം തന്നെ ഹരിതാഭമാക്കുവാൻ ഈ വനദിനത്തെങ്കിലും ഒരു മരം നടാൻ എല്ലാവരും ശ്രമിക്കണം. മരം നടുന്നതോടെ നമ്മുടെ കർത്തവ്യം അവസാനിക്കുന്നുമില്ല. അവയുടേ പരിപാലനം ആണ് പ്രധാനം. വനദിനത്തോടനുബന്ധിച്ചു നമ്മുടെ നാട്ടിൽ നട്ട മരങ്ങൾ എല്ലാം വളർന്നിരുന്നേൽ നമ്മുടെ നാട് പഴയ ആമസോൺ വനങ്ങളെക്കാളും വിസ്താരമാകുമായിരുന്നു.
വനസംരക്ഷണം എന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് സംരക്ഷിത വനങ്ങളായിരിക്കും. എന്നാൽ ഭൂമിയിലെ ആകെ കാടുകളുടെ 18 ശതമാനമാണ് സംരക്ഷിത വനങ്ങൾ. അതുകൊണ്ടു തന്നെ വനവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് സംരക്ഷിത വനങ്ങൾക്കൊപ്പം തന്നെ ഇതര വനങ്ങളും ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്, എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തത്തോട് കൂടിയ പ്രവർത്തനത്തിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ.
സമഗ്രമായ സമീപനത്തോടുകൂടെ മാത്രമേ വനസംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. ഇതിനായി നിലവിലുള്ള പല നയങ്ങളും നമുക്ക് പുനർവിചിന്തനം നടത്തേണ്ടതായും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതായി വരികയും ചെയ്യും. കൃത്യമായ ഭരണ നിർവ്വഹണത്തിലൂടെയും വിവിധ മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും തനത് ജനതയുടെ അറിവുകളിലൂടെയും നൂതന ആശയങ്ങളിലൂടെയും നമുക്ക് പ്രകൃതിയുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാം. അതു വഴി നമുക്ക് വനത്തെയും ജൈവ വൈവിധ്യത്തെയും ഭാവിതലമുറകൾക്കു വേണ്ടിയും കൂടെ സംരക്ഷിക്കാം.