ചെന്നൈ :മദ്യപിച്ചെത്തി കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ശനിയാഴ്ച ബസ് സ്റ്റാൻഡിൽ രക്തം പുരണ്ട ഷർട്ടുമായി ഇരിക്കുകയായിരുന്ന ഇയാളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ കാമുകിയെ കൊലപ്പെടുത്തിയിട്ട് ഇരിക്കുകയാണെന്ന് ഇയാൾ സമ്മതിച്ചു.
ചെന്നൈയിലെ കുന്ദ്രത്തൂരിലെ പൊലീസ് പട്രോളിംഗ് സംഘമാണ് പുലർച്ചെ ഒരു മണിയോടെ ഷർട്ടിൽ രക്തക്കറയുമായി റോഡിൽ ഇരിക്കുന്ന രാജ (38) എന്ന യുവാവിനെ കണ്ടെത്തിയത്. അടുത്തുചെന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കൊലക്കുറ്റം സമ്മതിച്ചത്. അർദ്ധനഗ്നയായി കുത്തേറ്റ് മരിച്ചുകിടക്കുന്ന യുവതിയെ രാജ തന്നെയാണ് പൊലീസിന് കാട്ടിക്കൊടുത്തത്. രാജയുടെ കാമുകി കണ്ണമ്മയാണ് മരിച്ചത്. ഇവർ വാടക വീട്ടിലാണ് താമസിച്ചുവന്നത്. സ്വകാര്യ കമ്പനിയിൽ താൽക്കാലിക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കണ്ണമ്മ. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്.
ശനിയാഴ്ച രാത്രി മദ്യപിച്ച് ലക്കുകെട്ട് രാജ കണ്ണമ്മയുടെ അടുത്തെത്തി അവരെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. അവർ വിസമ്മതിച്ചു. ഇത് ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിച്ചു.
യുവതിയുടെ നിലവിളി കേട്ടെത്തിയ ചില അയൽക്കാർ ഇടപെട്ട് രാജയെ വീട്ടിൽ നിന്ന് പറഞ്ഞയച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം തിരിച്ചെത്തിയ രാജ വീട്ടിനുള്ളിൽ കണ്ണമ്മയെ പൂട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.